Scene background

ഇന്റർസ്കൂൾ ടൂർണമെന്റിന്റെ ഫൈനൽ കഴിഞ്ഞിരിക്കുന്നു.

ഗ്രൗണ്ടിന്റെ ഗാലറിയിലെ പടികളിൽ ജോയലും എൽനയും ഇരിക്കുകയാണ്.

ബാക്കിയുള്ള കുട്ടികൾ പതിയെ ഗ്രൗണ്ട് വിട്ടുപോകുന്നു.

അസ്തമയ സൂര്യന്റെ വെളിച്ചം ഗ്രൗണ്ടിലാകെ പരന്നുകിടക്കുന്നു.

JOEL (V.O.)
"ആ ദിവസം ഞങ്ങൾ തോറ്റു... പക്ഷേ ആ തോൽവിയേക്കാൾ കൂടുതൽ ഓർമ്മയിൽ നിന്നത്, എൽന എന്നോട് പറഞ്ഞ കുറച്ച് വാക്കുകളാണ്."

ജോയൽ ഇപ്പോഴും കളിയുടെ ആവേശത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.

ജോയൽ
"അങ്ങനെ കളി കഴിഞ്ഞു... നമ്മൾ തോറ്റു."
ജോയൽ
"അഖിൽ ആ ലാസ്റ്റ് ബോൾ ഒന്ന് പാസ് തന്നിരുന്നെങ്കിൽ ഗോൾ ആയേനെ."
ജോയൽ
"ഇങ്ങനെയാണോ ഒരു ടീം ഡിഫൻഡ് ചെയ്യേണ്ടത്..."
ജോയൽ
"ഇങ്ങനെയൊക്കെ കളിച്ചാൽ പിന്നെ എങ്ങനെയാ ജയിക്കാ..."

അവൻ ഓരോരുത്തരുടെയും തെറ്റുകൾ പറഞ്ഞുകൊണ്ടിരിക്കുന്നു.

എൽന ഒന്നും പറയാതെ കേട്ടിരിക്കുന്നു.

കുറച്ച് നേരം കഴിഞ്ഞ് അവൾ ജോയലിനെ നോക്കുന്നു.

എൽന
"ജോയൽ..."
ജോയൽ
"എന്താ...?"
എൽന
"ബാക്കി എല്ലാവരെയും പറഞ്ഞല്ലോ..."
എൽന
"നീ കളിച്ചോ... നന്നായി?"

എൽന ജോയലിനെ ചിരിച്ചുകൊണ്ട് നോക്കുന്നു.

ആ ചോദ്യം അവന് അത്ര ഇഷ്ടപ്പെട്ടില്ല.

ജോയൽ
"അതെന്താ അങ്ങനെ ചോദിച്ചേ?"
ജോയൽ
"ഞാൻ കുഴപ്പമില്ലാതെ കളിച്ചു."
ജോയൽ
"ഈ പഴയ ബൂട്ട് കാരണമാണ് ഇടയ്ക്ക് രണ്ട് മൂന്ന് പാസ് മിസ് ആയത്."

എൽന അതേ ചിരിയോടെ മറുപടി പറയുന്നു.

എൽന
"ഫുട്ബോൾ ഒരു ടീം ഗെയിം അല്ലേ..."
എൽന
"ടീം തോറ്റാൽ എല്ലാവരും ഒരേ പോലെ ഉത്തരവാദികളല്ലേ..."

ജോയൽ ഒന്നും പറയുന്നില്ല.

അവന് ദേഷ്യം വന്നെങ്കിലും...

അവൾ പറഞ്ഞത് ശരിയായിരുന്നു.

JOEL (V.O.)
"അന്ന് എനിക്ക് അവളിൽ നിന്ന് പ്രതീക്ഷിച്ചത് ഇതായിരുന്നില്ല..."
JOEL (V.O.)
"‘സാരമില്ല... അടുത്ത കളി നോക്കാം...’ എന്നായിരുന്നു എനിക്ക് കേൾക്കാൻ തോന്നിയത്."
JOEL (V.O.)
"പക്ഷേ... ചില സമയങ്ങളിൽ ആശ്വാസം പറയുന്നതിനെക്കാൾ വലിയ സ്നേഹം..."
JOEL (V.O.)
"നമ്മളെ യാഥാർത്ഥ്യം മനസ്സിലാക്കാനും... തോൽവി അംഗീകരിക്കാനും പഠിപ്പിക്കുന്നതായിരിക്കും."
Scene background

ഗ്രൗണ്ടിൽ നിന്ന് ഇറങ്ങി ഞങ്ങൾ വീട്ടിലേക്കുള്ള നടത്തം തുടങ്ങി.

കനാലിനോട് ചേർന്ന ആ ഇടുങ്ങിയ റോഡ്...

ഒരു വശത്ത് വെള്ളം ശാന്തമായി ഒഴുകുന്നു.

മറുവശത്ത് വീടുകളും മതിലുകളും.

വഴിയിലൂടെ രണ്ടുപേരും പതിയെ നടക്കുന്നു.

JOEL (V.O.)
"വീട്ടിലേക്ക് നടക്കുമ്പോൾ... എന്റെ മനസ്സിൽ മുഴുവൻ എൽനയായിരുന്നു."
JOEL (V.O.)
"രണ്ടാം ക്ലാസ്സിലായിരുന്നു എൽന ഞങ്ങളുടെ സ്കൂളിലേക്ക് വന്നത്."
JOEL (V.O.)
"വീടുകൾ അടുത്തായതുകൊണ്ട് സ്കൂളിലേക്കും തിരിച്ചും എന്നും ഒരുമിച്ചായിരുന്നു."
JOEL (V.O.)
"ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നതുകൊണ്ടാവാം... പ്രായത്തേക്കാൾ കൂടുതൽ അറിവും പക്വതയും അവൾക്കുണ്ടായിരുന്നു."
JOEL (V.O.)
"എല്ലാ ക്ലാസ്സിലും ഫസ്റ്റ്."
JOEL (V.O.)
"അധികം പഠിക്കുന്നതുകൊണ്ടും... സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്ന സ്വഭാവം കൊണ്ടാവാം... എൽനയ്ക്ക് കൂട്ടുകാർ കുറവായിരുന്നു."
JOEL (V.O.)
"പക്ഷേ... ദിവസവും ഒരുമിച്ച് നടന്നിരുന്ന ആ വഴിയിൽ ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു."
JOEL (V.O.)
"എനിക്ക് ശീലമായതുകൊണ്ടാണോ എന്നറിയില്ല... അവൾ പറയുന്നതെല്ലാം ഞാൻ കേൾക്കും."
JOEL (V.O.)
"ഒരു ഫുട്ബോൾ കളിക്കാരനാകണമെന്ന എന്റെ ആഗ്രഹത്തിന്... എന്നെക്കാൾ കൂടുതൽ പിന്തുണച്ചിരുന്നത് എൽനയായിരുന്നു."
JOEL (V.O.)
"എനിക്ക് എന്ത് കഴിക്കണം... എങ്ങനെ ട്രെയിൻ ചെയ്യണം... എന്തൊക്കെ ശ്രദ്ധിക്കണം... അങ്ങനെ ഓരോ ചെറിയ കാര്യവും അന്വേഷിച്ച് പറഞ്ഞുതരുന്നത് അവളായിരുന്നു."
Scene background

പുറത്ത് നല്ല മഴ.

JOEL (V.O.)
"അടുത്ത ദിവസം..."
JOEL (V.O.)
"മാത്സ് പീരിയഡ്."
JOEL (V.O.)
"പുറത്ത് നല്ല മഴ."
JOEL (V.O.)
"ടീച്ചർ പഠിപ്പിക്കുന്നുണ്ടായിരുന്നു..."
JOEL (V.O.)
"പക്ഷേ ആ മഴയുടെ ശബ്ദത്തിനിടയിൽ... ടീച്ചർ പഠിപ്പിക്കുന്നതിനെക്കാൾ പുറത്തെ മഴയിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ."

ജോയൽ പതിയെ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു.

സ്കൂൾ മുറ്റത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നു.

JOEL (V.O.)
"എന്തുകൊണ്ടാണെന്നറിയില്ല..."
JOEL (V.O.)
"ഉച്ചനേരത്തെ മഴയും..."
JOEL (V.O.)
"സ്കൂൾ വിടാൻ പോകുന്ന അവസാന മണിക്കൂറുകളും..."
JOEL (V.O.)
"എനിക്ക് എന്നും ഒരു പ്രത്യേക അനുഭവമായിരുന്നു."
JOEL (V.O.)
"ആ മഴയുടെ ശബ്ദത്തിനിടയിലും..."
JOEL (V.O.)
"എന്റെ മനസ്സ് മാത്രം വിചിത്രമായൊരു നിശ്ശബ്ദതയിലായിരുന്നു."

ബെൽ അടിക്കുന്നു.

അവസാന ഇടവേള.

കുട്ടികൾ ഓരോരുത്തരായി എഴുന്നേറ്റ് പുറത്തേക്ക് പോകുന്നു.

എൽന ജോയലിന്റെ ബെഞ്ചിനരികിലേക്ക് വരുന്നു.

എൽന
"ജോയൽ..."
ജോയൽ
"എന്താ?"
എൽന
"ഈ ശനിയാഴ്ച ഫ്രീ ആണോ?"
ജോയൽ
"ആ... എന്തേ?"

എൽന ചെറിയൊരു മടിയോടെ ചോദിക്കുന്നു.

എൽന
"നമ്മൾ... ബീച്ചിൽ പോകാലോ?"

ഒരു നിമിഷം...

ജോയൽ അവളെ തന്നെ നോക്കിനിൽക്കുന്നു.

JOEL (V.O.)
"ബീച്ച് കാണണമെന്ന ആഗ്രഹം ആർക്കും തോന്നും."
JOEL (V.O.)
"പക്ഷേ... എൽന അത് എന്നോട് പറഞ്ഞപ്പോൾ എനിക്ക് തോന്നിയത് മറ്റൊന്നായിരുന്നു."
JOEL (V.O.)
"ചെറുപ്പം മുതൽ അവൾ ആരോടും ഒന്നും ആവശ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല."
JOEL (V.O.)
"സ്വന്തം വീട്ടുകാരോട് പോലും."
JOEL (V.O.)
"ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിലും..."
JOEL (V.O.)
"'വലുതാകുമ്പോൾ സ്വന്തമായി നേടും' എന്നായിരുന്നു എപ്പോഴും അവളുടെ മറുപടി."
JOEL (V.O.)
"അവളുടെ വായിൽ നിന്ന് ആദ്യമായിട്ടായിരുന്നു..."
JOEL (V.O.)
"'നമ്മൾ പോകാം' എന്നൊരു ആഗ്രഹം ഞാൻ കേൾക്കുന്നത്."

ജോയൽ പുഞ്ചിരിക്കുന്നു.

ജോയൽ
"അപ്പനോട് പറഞ്ഞാൽ കൊണ്ടുപോകില്ലേ?"
എൽന
"കൊണ്ടുപോകുമായിരിക്കും..."
എൽന
"അവരുടെ കൂടെ പോയാൽ..."
എൽന
"അവരുടെ ഇഷ്ടത്തിനല്ലേ പോവൂ."
എൽന
"നമ്മൾ മാത്രം പോയാൽ..."
എൽന
"നമ്മൾക്ക് ഇഷ്ടമുള്ള പോലെ ഇരിക്കാം."

ജോയൽ മിണ്ടാതെ അവളെ നോക്കുന്നു.

ജോയൽ
"അതെന്താ... എങ്ങനെയായാലും ബീച്ച് അതേ ബീച്ച് അല്ലേ?"

എൽന ജനാലക്ക് പുറത്തേക്ക് നോക്കിക്കൊണ്ട് പതുക്കെ പറയുന്നു.

എൽന
"സ്ഥലം ഒരുപോലെയായിരിക്കും..."
എൽന
"പക്ഷേ..."
എൽന
"നമ്മൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുന്ന സ്വാതന്ത്ര്യമാണ് ഓരോ യാത്രയെയും വ്യത്യസ്തമാക്കുന്നത്."

ജോയൽ അവളെ നോക്കുന്നു.

JOEL (V.O.)
"എൽനയോട് ഇത്രയും വർഷം സംസാരിച്ചിട്ടും..."
JOEL (V.O.)
"അവൾ പറഞ്ഞ ചില കാര്യങ്ങളുടെ ആഴം എനിക്ക് അന്ന് മനസ്സിലായിരുന്നില്ല."
JOEL (V.O.)
"അല്ലെങ്കിൽ..."
JOEL (V.O.)
"എനിക്ക് അപ്പോഴൊക്കെ അതൊന്നും ചിന്തിക്കാനുള്ള പ്രായമായിരുന്നില്ല."

ചെറിയ നിശ്ശബ്ദത.

ജോയൽ
"എന്നാ പോകാം."

ഒരു നിമിഷം കഴിഞ്ഞ്...

ജോയൽ
"നിന്റെ സേവിംഗ്സ് എടുക്കാമല്ലോ."
ജോയൽ
"ഒരു ബിരിയാണിയൊക്കെ കഴിച്ച് തിരിച്ചു വരാം."

എൽന പെട്ടെന്ന് തലകുലുക്കുന്നു.

എൽന
"ഇല്ല."
ജോയൽ
"എന്താ?"
എൽന
"ആ പൈസ... വേറെ ഒരു ആവശ്യത്തിനാണ്."
JOEL (V.O.)
"സ്കോളർഷിപ്പും..."
JOEL (V.O.)
"പ്രൈസ് മണിയും..."
JOEL (V.O.)
"കുറച്ച് കുറച്ചായി കിട്ടുന്ന ഓരോ രൂപയും..."
JOEL (V.O.)
"ചെറുപ്പം മുതൽ എൽന സൂക്ഷിച്ചു വക്കുമായിരുന്നു."
JOEL (V.O.)
"സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത വീട്ടിൽ നിന്നിട്ടും..."
JOEL (V.O.)
"എന്തിനാണ് അവൾ ഇത്രയും കണക്കാക്കി ചെലവാക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല."

ജോയലിന് ചെറിയ ദേഷ്യം വരുന്നു.

ജോയൽ
"എന്നാ ബീച്ചിൽ പോകണ്ട."

എൽന കുറച്ച് നേരം മിണ്ടാതിരിക്കുന്നു.

ശേഷം...

എൽന
"ശരി."

ആ "ശരി"യിൽ നിരാശയുണ്ടായിരുന്നു.

ബെൽ അടിക്കുന്നു.

അവസാന പീരിയഡ് തുടങ്ങുന്നു.

ടീച്ചർ പഠിപ്പിക്കുന്നു.

ജോയൽ പുസ്തകം തുറന്നുവച്ചിരിക്കുന്നു.

പക്ഷേ...

അവന്റെ ശ്രദ്ധ മറ്റെവിടെയോ ആണ്.

JOEL (V.O.)
"ആ പീരിയഡ് മുഴുവൻ ഞാൻ അതിനെക്കുറിച്ചായിരുന്നു ആലോചിച്ചത്."
JOEL (V.O.)
"ഒരു കാര്യം മാത്രം എനിക്ക് ഉറപ്പായിരുന്നു..."
JOEL (V.O.)
"എൽനയെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല."
JOEL (V.O.)
"എന്നോടല്ലാതെ മറ്റൊരാളോടും അവൾ ഇങ്ങനെ ഒരു ആഗ്രഹം പറയില്ലെന്നും എനിക്ക് അറിയാമായിരുന്നു."

സ്കൂൾ വിടുന്ന ബെൽ മുഴങ്ങുന്നു.

കുട്ടികൾ പുറത്തേക്ക് ഓടുന്നു.

ജോയൽ എൽനയുടെ അടുത്തേക്ക് നടക്കുന്നു.

ജോയൽ
"എടോ..."
ജോയൽ
"ടൂർണമെന്റിൽ കിട്ടിയ അഞ്ഞൂറ് രൂപ എന്റെ കയ്യിലുണ്ട്."
ജോയൽ
"അത് മതി. നമ്മൾ പോകാം."

എൽന ആദ്യം ഒന്നും പറയുന്നില്ല.

പിന്നെ...

അവളുടെ മുഖത്ത് പതിയെ വിരിയുന്ന ആ ചിരി...

അന്ന് കിട്ടിയ ഏത് ട്രോഫിയേക്കാളും വിലപ്പെട്ടതായിരുന്നു.

ബസ് സ്റ്റാൻഡിൽ ആളുകൾ ഓരോരുത്തരായി ബസിനായി കാത്തുനിൽക്കുകയാണ്.

Scene background

ജോയൽ നേരത്തെ എത്തിയിട്ടുണ്ട്.

കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ വീണ്ടും എടുത്ത് നോക്കുന്നു.

JOEL (V.O.)
"ടൂർണമെന്റിൽ നിന്ന് കിട്ടിയ അഞ്ഞൂറ് രൂപ..."
JOEL (V.O.)
"കുറച്ചുകൂടി കൂട്ടിവെച്ചാൽ... ടൗണിലെ സ്പോർട്സ് ഷോപ്പിൽ വന്നിരുന്ന അഡിഡാസ് ബൂട്ടിന്റെ ഫേക്ക് കോപ്പി വാങ്ങണമെന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം."
JOEL (V.O.)
"സ്കൂളിൽ നിന്ന് വരുമ്പോഴെല്ലാം ആ ഷോപ്പിന്റെ മുന്നിൽ ഒന്ന് നിന്നുനോക്കും."
JOEL (V.O.)
"ഒരു ദിവസം അത് ഇട്ട് കളിക്കുന്നതും മനസ്സിൽ കാണും."
JOEL (V.O.)
"പക്ഷേ..."
JOEL (V.O.)
"ആ ദിവസം ആ പൈസ ചെലവാക്കാൻ തീരുമാനിച്ചപ്പോൾ... ചെറിയൊരു വിഷമം മനസ്സിലുണ്ടായിരുന്നു."

അപ്പോഴാണ് എൽന എത്തുന്നത്.

രണ്ടുവശത്തേക്കും മുടി പിന്നിയിട്ടാണ് അവൾ വരുന്നത്.

JOEL (V.O.)
"ഞാൻ എൽനയെ കണ്ട നാൾ മുതൽ..."
JOEL (V.O.)
"അവൾ ഇങ്ങനെയായിരുന്നു."
JOEL (V.O.)
"രണ്ടുവശത്തും മുടി പിന്നി..."
JOEL (V.O.)
"എപ്പോഴും ഒതുക്കത്തോടെ."

ജോയൽ അവളെ നോക്കി പുഞ്ചിരിക്കുന്നു.

പക്ഷേ പെട്ടെന്ന് എന്തോ ശ്രദ്ധിക്കുന്നു.

അവൾ സ്കൂൾ യൂണിഫോമിലാണ്.

ജോയൽ
"നീ യൂണിഫോം ഇട്ടാണോ വന്നത്?"
എൽന
"വീട്ടിൽ സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്."
ജോയൽ
"അതിന് എന്തിനാ കള്ളം പറഞ്ഞത്?"
എൽന
"ബീച്ചിൽ പോകാനാണെന്ന് പറഞ്ഞാൽ വിടില്ല."

ജോയൽ കുറച്ചുനേരം അവളെ നോക്കിനിൽക്കുന്നു.

JOEL (V.O.)
"ടൂർണമെന്റും സെലക്ഷനും ഒക്കെയാണെന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഇടക്കിടെ പുറത്തുപോകാറുണ്ടായിരുന്നു."
JOEL (V.O.)
"അതുകൊണ്ട് വീട്ടുകാർ അധികം ചോദിക്കാറില്ല."
JOEL (V.O.)
"പക്ഷേ..."
JOEL (V.O.)
"എൽന ഇങ്ങനെ ചെയ്യുന്നത് ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്."
JOEL (V.O.)
"അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി."

എൽന പതിവുപോലെ വിൻഡോ സീറ്റിൽ ഇരിക്കുന്നു.

ജോയൽ അവളുടെ തൊട്ടടുത്ത്.

കണ്ടക്ടർ വരുന്നു.

ജോയൽ രണ്ട് ടിക്കറ്റ് വാങ്ങി ഒരെണ്ണം എൽനയ്ക്ക് കൊടുക്കുന്നു.

ബസ് യാത്ര തുടരുന്നു.

രണ്ട് സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ തിരക്ക് കുറയുന്നു.

ജനലിലൂടെ തണുത്ത കാറ്റ് അകത്തേക്ക് വീശുന്നു.

മഴ പെയ്‌തൊരുങ്ങുന്ന ആകാശം.

കുറച്ചുനേരം രണ്ടുപേരും പുറത്തേക്ക് നോക്കിയിരിക്കുന്നു.

എൽന
"നിനക്കെങ്ങനെയാ ഇത്രയും ഫ്രണ്ട്സ്?"
ജോയൽ
"ഫുട്ബോൾ."
ജോയൽ
"പ്രാക്ടിസിനും ടൂർണമെന്റിനും പോകുമ്പോൾ പരിചയമാകും."
ജോയൽ
"പിന്നെ പല കാര്യങ്ങളിലും ഇറങ്ങുമ്പോൾ..."
ജോയൽ
"കൂട്ടുകാർ താനേ ആയിക്കൊള്ളും."

എൽന തലകുലുക്കുന്നു.

എൽന
"എനിക്കാണെങ്കിൽ..."
എൽന
"അങ്ങനെ അടുത്ത് പറയാൻ പറ്റുന്ന ആളുകൾ കുറവാണ്."
എൽന
"ആരോടെങ്കിലും അടുത്താൽ..."
എൽന
"അവർക്കിഷ്ടമുള്ള പോലെ പെരുമാറാൻ ഞാൻ ശ്രമിക്കും."
എൽന
"അത് എനിക്ക് ഇഷ്ടമല്ല."
എൽന
"അതുകൊണ്ടാവും..."
എൽന
"ആരോടും അധികം അടുക്കാത്തത്."
ജോയൽ
"അതൊക്കെ നിന്റെ പ്രശ്നമല്ലേ."
ജോയൽ
"ആരുടെയും ഇഷ്ടത്തിന് മാറി നിൽക്കണ്ട."
ജോയൽ
"നീ നീ ആയിട്ട് നിന്നാൽ മതി."

എൽന കുറച്ചുനേരം മിണ്ടാതെ പുറത്തേക്ക് നോക്കുന്നു.

ശേഷം...

എൽന
"അങ്ങനെ നിന്നിട്ട്..."
എൽന
"ആരും എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ?"

ജോയൽ ഒട്ടും ആലോചിക്കാതെ മറുപടി പറയുന്നു.

ജോയൽ
"എല്ലാവരും നമ്മളെ ഇഷ്ടപ്പെടണം എന്ന് വിചാരിക്കുന്നതല്ലേ ശരിക്കും പ്രശ്നം."
ജോയൽ
"ചിലർ ഇഷ്ടപ്പെടും."
ജോയൽ
"ചിലർ ഇല്ല."
ജോയൽ
"അത്രേയുള്ളൂ."

എൽന പുറത്തേക്ക് നോക്കി

JOEL (V.O.)
"ആ നിമിഷം വരെ..."
JOEL (V.O.)
"പ്രായത്തേക്കാൾ പക്വതയുള്ള എൽനയെയായിരുന്നു ഞാൻ കണ്ടിരുന്നത്."
JOEL (V.O.)
"പക്ഷേ ആ യാത്രയിൽ..."
JOEL (V.O.)
"ആദ്യമായി ഞാൻ കണ്ടത്..."
JOEL (V.O.)
"ഒരുപാട് ചിന്തിക്കുന്ന..."
JOEL (V.O.)
"ജീവിതം പഠിച്ചുകൊണ്ടിരുന്ന ഒരു കൗമാരക്കാരി തന്നെയായിരുന്നു അവളും."
JOEL (V.O.)
"എനിക്ക് ചെറിയൊരു കുറ്റബോധം തോന്നി."
JOEL (V.O.)
"കൂട്ടുകാർ ഇല്ലാത്തതിനെക്കാൾ... ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റാത്തതായിരുന്നു എൽനയെ കൂടുതൽ അലട്ടിയിരുന്നത്."
JOEL (V.O.)
"എന്റെ എല്ലാ തെറ്റുകളും കണ്ടുപിടിച്ച് എന്നെ മുന്നോട്ട് പോകാൻ സഹായിച്ച എൽന..."
JOEL (V.O.)
"ഒരിക്കൽ പോലും അവൾക്ക് എന്ത് പ്രശ്നങ്ങളാണുള്ളത്... എന്താണ് അവൾ ശരിക്കും ആഗ്രഹിക്കുന്നത്... അതൊന്നും മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല."
JOEL (V.O.)
"പകരം..."
JOEL (V.O.)
"എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്ന ആളാണവളെന്ന് ഞാൻ തെറ്റിദ്ധരിക്കുകയായിരുന്നു."
JOEL (V.O.)
"ആ യാത്രയ്ക്ക് ശേഷം..."
JOEL (V.O.)
"എൽനയെ ഞാൻ കുറച്ചുകൂടി മനസ്സിലാക്കാൻ തുടങ്ങി."
JOEL (V.O.)
"ഒരുപക്ഷേ..."
JOEL (V.O.)
"അതോടെയാകും ഞങ്ങളുടെ സൗഹൃദവും കുറച്ചുകൂടി മാറിത്തുടങ്ങിയത്."

ബസ് ബീച്ച് റോഡിൽ എത്തി നിൽക്കുന്നു.

ജോയലും എൽനയും ഇറങ്ങുന്നു.

കടലിൽ നിന്നുള്ള തണുത്ത കാറ്റ് മുഖത്തേക്ക് അടിക്കുന്നു.

രണ്ടുപേരും ഒന്നും പറയാതെ...

പതിയെ ബീച്ചിലേക്ക് നടന്നു തുടങ്ങുന്നു.

അങ്ങനെ ഞങ്ങൾ ബീച്ചിലെത്തി.

കടൽ കണ്ടതും എൽന ഒരു നിമിഷം അവിടെ തന്നെ നിന്നു.

പിന്നെ ഒന്നും ആലോചിക്കാതെ ചെരുപ്പഴിച്ച് നേരെ തിരമാലകളിലേക്ക് ഓടി.

തിരമാല കാലിൽ തട്ടുമ്പോഴൊക്കെ ഒരു ചെറിയ കുട്ടിയെപ്പോലെ ചിരിക്കുകയായിരുന്നു.

എൽന
"ജോയൽ... വാ..."

അവൾ എന്നെ വിളിച്ചതും ഞാനും അവളുടെ അടുത്തേക്ക് പോയി.

JOEL (V.O.)
"ആദ്യമായിട്ടായിരുന്നു..."
JOEL (V.O.)
"എൽനയെ ഇത്രയും സന്തോഷത്തോടെ ഞാൻ കാണുന്നത്."

കുറച്ചുനേരം ഞങ്ങൾ തിരമാലകളോടൊപ്പം കളിച്ചു.

പരസ്പരം വെള്ളം തെറിപ്പിച്ചും ഓടിയും സമയം പോയതറിഞ്ഞില്ല.

കുറച്ചുകഴിഞ്ഞ് രണ്ടുപേരും തീരത്തിരുന്നു.

ആരും ഒന്നും പറഞ്ഞില്ല.

തിരമാലകളെയും മുന്നിൽ അവസാനമില്ലാതെ കിടക്കുന്ന കടലിനെയും നോക്കി അങ്ങനെ ഇരുന്നു.

പെട്ടെന്നായിരുന്നു മഴ തുടങ്ങിയത്.

ആദ്യം ചെറിയ ചാറ്റൽ

പിന്നെ നന്നായി പെയ്യാൻ തുടങ്ങി.

ബീച്ചിൽ നിന്ന് അടുത്തുള്ള ചായക്കടയിലേക്ക് കുറച്ച് ദൂരമുണ്ടായിരുന്നു.

മണലിലൂടെ വേഗത്തിൽ ഓടാൻ പറ്റുന്നില്ല.

എൽന എന്നേക്കാൾ പതുക്കെയായിരുന്നു ഓടിയത്.

അവളെ വിട്ട് മുന്നോട്ട് പോകാൻ എനിക്ക് തോന്നിയില്ല.

അതുകൊണ്ട് അവളുടെ വേഗത്തിൽ തന്നെയായിരുന്നു ഞാനും ഓടിയത്.

അങ്ങനെ രണ്ടുപേരും നനഞ്ഞുകൊണ്ട് ചായക്കടയിലേക്ക് കയറി.

അപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും നന്നായി നനഞ്ഞിരുന്നു.

എൽന പെട്ടെന്ന് ഷോൾ ഊരി തല തോർത്താൻ തുടങ്ങി.

മഴയിൽ അഴിഞ്ഞ മുടി വീണ്ടും വീണ്ടും ഒതുക്കിവെക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു.

അപ്പോഴാണ്...

ആദ്യമായി...

എൽന എത്ര സുന്ദരിയാണെന്ന് ഞാൻ ശ്രദ്ധിക്കുന്നത്.

അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു.

മഴ മാറുമോയെന്നും...

തിരിച്ചുപോകുമ്പോൾ ബസ് കിട്ടുമോ എന്നും...

വീട്ടിൽ എത്താൻ വൈകുമോ എന്നും...

ഓരോന്നായി സംസാരിച്ചുകൊണ്ടിരുന്നു.

JOEL (V.O.)
"ചെറുപ്പം മുതൽ ദിവസവും കണ്ടിരുന്ന ആളായിരുന്നു എൽന."
JOEL (V.O.)
"പക്ഷേ..."
JOEL (V.O.)
"ആ ദിവസം ആദ്യമായിട്ടാണ്..."
JOEL (V.O.)
"അവളെ ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത്."
JOEL (V.O.)
"എന്തുകൊണ്ടോ..."
JOEL (V.O.)
"അന്ന് എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു."

മഴ മാറാൻ കുറച്ചുകൂടി സമയമെടുത്തു.

അതുവരെ എൽന എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

ഞാൻ ഒന്നും പറയാതെ...

അവളെ നോക്കിയിരിക്കുകയായിരുന്നു.

അങ്ങനെ ബസ് വന്നു.

സമയം ഒരുപാടായി.

പക്ഷേ...

എന്തുകൊണ്ടോ ഞങ്ങൾ രണ്ടുപേർക്കും അതിന്റെ ഭാരം അപ്പോൾ തോന്നിയിരുന്നില്ല.

ബസിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.

പതിവുപോലെ എൽന വിൻഡോ സീറ്റിൽ ഇരുന്നു.

ഞാൻ അവളുടെ തൊട്ടടുത്തും.

മഴ കുറച്ചൊന്ന് കുറഞ്ഞുവരികയായിരുന്നു.

എൽന ജനലിന്റെ ഷട്ടർ തുറന്നു.

തണുത്ത കാറ്റും ഇടക്കിടെ തെറിക്കുന്ന മഴത്തുള്ളികളും അവളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.

അതൊന്നും കാര്യമാക്കാതെ പുറത്തുള്ള കാഴ്ചകൾ നോക്കിയിരിക്കുകയായിരുന്നു.

ഞാനാകട്ടെ...

പുറത്തേക്കല്ല നോക്കിയിരുന്നത്.

എൽനയെത്തന്നെയായിരുന്നു.

പെട്ടെന്ന് അവൾ എന്നെ നോക്കി.

ഞാൻ അറിയാതെ തന്നെ മുഖം തിരിച്ചു.

എന്തിനാണ് അങ്ങനെ ചെയ്തത്...

അന്നെനിക്ക് പോലും അറിയില്ലായിരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ മഴ വീണ്ടും ശക്തമായി.

ഓരോരുത്തരായി ജനലിന്റെ ഷട്ടറുകൾ അടക്കാൻ തുടങ്ങി.

ബസിനുള്ളിൽ ചെറിയൊരു ഇരുട്ട് നിറഞ്ഞു.

എഞ്ചിന്റെ ശബ്ദം മാത്രം.

ഇടക്കിടെ ഓരോ സ്റ്റോപ്പിലും ബസ് നിർത്തും.

എൽന ഷട്ടർ കുറച്ചൊന്ന് പൊക്കി പുറത്തേക്ക് നോക്കും.

വീണ്ടും അടക്കും.

കുറച്ചുനേരം കഴിഞ്ഞപ്പോൾ...

എൽന
"എന്തുപറ്റി?"
എൽന
"ഇന്നൊക്കെ നിനക്ക് എന്തോ പോലെ."

ജോയൽ ചെറുതായി ചിരിച്ചു.

ജോയൽ
"ഏയ്..."
ജോയൽ
"ഒന്നുമില്ല."

എൽന സംശയത്തോടെ ചിരിച്ചു.

ആ ചിരി കണ്ടപ്പോൾ...

എന്റെ നെഞ്ചിടിപ്പ് കൂടി.

എന്തിനാണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

കുറച്ചുനേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

പിന്നെ...

എൽന പതിയെ ചോദിച്ചു.

എൽന
"ജോയൽ..."
എൽന
"നിനക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ?"

ഞാൻ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.

ജോയൽ
"ഇല്ല."

ഞാൻ തിരിച്ച് ചോദിച്ചു.

ജോയൽ
"നിനക്കോ?"

എൽന കുറച്ചുനേരം പുറത്തേക്ക് നോക്കി.

ശേഷം...

എൽന
"ഉണ്ട്."
എൽന
"പക്ഷേ..."
എൽന
"അത് പ്രണയമാണോ എന്ന് എനിക്കറിയില്ല."

ഞാൻ അവളെ തന്നെ നോക്കിയിരുന്നു.

ആരാണെന്ന് ചോദിക്കണമെന്ന് ഒരുപാട് തോന്നി.

പക്ഷേ...

ഒരു അക്ഷരം പോലും എന്റെ വായിൽ നിന്ന് പുറത്തുവന്നില്ല.

JOEL (V.O.)
"അന്നുവരെ..."
JOEL (V.O.)
"എൽനയെ കുറിച്ച് എനിക്ക് എല്ലാം അറിയാമെന്നായിരുന്നു എന്റെ വിചാരം."
JOEL (V.O.)
"പക്ഷേ..."
JOEL (V.O.)
"അവൾ പറഞ്ഞ ആ ഒറ്റ വാക്ക്..."
JOEL (V.O.)
"അവളെക്കുറിച്ച് എനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഇനിയും ഉണ്ടെന്ന് എന്നെ ഓർമ്മിപ്പിച്ചു."

അങ്ങനെ ഓരോരുത്തരും ഓരോ ചിന്തകളുമായി യാത്ര തുടർന്നു.

അതിനിടയിൽ...

വീട് എത്തിയതറിഞ്ഞില്ല.

അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് നടന്നു.

ഞാൻ എൽനയെ നോക്കിക്കൊണ്ടായിരുന്നു നടന്നത്.

എന്നേക്കാൾ ഒരു സ്റ്റെപ്പ് മുന്നിലായിരുന്നു എൽന.

പെട്ടെന്നാണ് അവൾ നടത്തം നിർത്തിയത്.

ആരെയോ കണ്ടതുപോലെ അവൾ മുന്നിലേക്ക് നോക്കി.

ഞാൻ അവളുടെ അടുത്തെത്തിയതും...

പെട്ടെന്ന് ഒരു വലിയ കൈ എന്റെ കവിളിലേക്ക് വന്നു വീണു.

ആദ്യ അടിയിൽ തന്നെ...

അത് അപ്പന്റെ കൈയാണെന്ന് എനിക്ക് മനസ്സിലായി.

അപ്പൻ
"എവിടെയായിരുന്നു നിങ്ങൾ?"
അപ്പൻ
"എവിടെയൊക്കെയോ നിന്നെ അന്വേഷിച്ചത് അറിയാമോ?"

അപ്പോഴാണ് എൽനയെ ഞാൻ നോക്കിയത്.

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ചുറ്റുമുള്ള എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

ഞാൻ ആകെ അപമാനിക്കപ്പെട്ട അവസ്ഥയിലായിരുന്നു.

ഒന്നും മിണ്ടിയില്ല.

എൽന അവളുടെ വീട്ടിലേക്കും...

ഞാൻ അപ്പന്റെ കൂടെ വീട്ടിലേക്കും നടന്നു.

വീട്ടിലെത്തിയതും അപ്പന്റെ ദേഷ്യം തീർന്നിരുന്നില്ല.

ഒരുപാട് വഴക്ക് പറഞ്ഞു.

അടി കിട്ടിയതിനേക്കാൾ...

അപ്പൻ ചോദിച്ച ഒരു ചോദ്യത്തിനായിരുന്നു എന്റെ കൈയിൽ മറുപടി ഇല്ലാതിരുന്നത്.

അപ്പൻ
"അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ..."
അപ്പൻ
"നീ എന്ത് ചെയ്തേനെ?"

ആ ചോദ്യത്തിന് മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല.

ഞാൻ മുറിയിലേക്ക് പോയി കിടന്നു.

ഒരുപാട് കരഞ്ഞു.

അതിലും കൂടുതൽ...

ദേഷ്യം വന്നു.

ഞാൻ എന്ത് തെറ്റാണ് ഇത്രയും അടി കിട്ടാൻ ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല.

കതക് പാതി തുറന്നുകിടക്കുകയായിരുന്നു.

ഹാളിലെ വെളിച്ചം വീഴുന്നുണ്ടായിരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ...

വീട്ടിൽ ആരൊക്കെയോ വന്ന ശബ്ദം കേട്ടു.

സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി...

വന്നത് എൽനയും അച്ഛനും അമ്മയും ആയിരുന്നു.

പെട്ടെന്ന് മുറിയുടെ കതക് കുറച്ചുകൂടി തുറന്നു.

ഹാളിലെ വെളിച്ചം മുറിയിലേക്ക് കുറച്ചുകൂടി വന്നു.

ആരോ അകത്തേക്ക് നടന്നു വന്നു.

ചെറുതായി തിരിഞ്ഞുനോക്കിയപ്പോൾ...

എൽനയായിരുന്നു.

എൽന
"ജോയൽ..."

അവൾ വിളിക്കാൻ തുടങ്ങിയതും...

ഞാൻ അവളുടെ മുഖത്തേക്ക് പോലും നോക്കാതെ പറഞ്ഞു.

ജോയൽ
"ഇപ്പോൾ സമാധാനമായല്ലോ."
ജോയൽ
"നീ പറഞ്ഞതുകൊണ്ടല്ലേ ഞാൻ വന്നത്."

എൽന ഒന്നും പറഞ്ഞില്ല.

മുറിയിലേക്ക് കുറച്ചുനേരം എന്നെ നോക്കിനിന്നു.

പിന്നെ പതിയെ തിരിഞ്ഞ് പുറത്തേക്ക് നടന്നു.

കതക് വീണ്ടും പാതി അടഞ്ഞു.

ആ രാത്രി...

ഞങ്ങൾ രണ്ടുപേരും ഒന്നും പറഞ്ഞില്ല.

രാവിലെ അമ്മ എന്റെ അടുത്തുവന്നു.

ഇന്നലത്തെ ദേഷ്യമൊന്നും മുഖത്തില്ലായിരുന്നു.

അമ്മ
"മോനേ..."
അമ്മ
"ഇങ്ങനെ ആരോടും പറയാതെ പോകാൻ പാടുണ്ടോ?"
അമ്മ
"നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ..."
അമ്മ
"എന്ത് ചെയ്തേനെ?"
അമ്മ
"രണ്ടുപേർക്കും നല്ല അടി കിട്ടിയല്ലോ."

ആ അവസാന വാക്ക് കേട്ടപ്പോഴാണ്...

എൽനയ്ക്കും അടി കിട്ടിയ കാര്യം ഞാൻ അറിയുന്നത്.

JOEL (V.O.)
"അപ്പോഴാണ്..."
JOEL (V.O.)
"ഇന്നലെ ഞാൻ പറഞ്ഞത് എത്രത്തോളം തെറ്റായിരുന്നെന്ന് എനിക്ക് മനസ്സിലായത്."
JOEL (V.O.)
"വലിയൊരു കുറ്റബോധം തോന്നി."

ഞാൻ പെട്ടെന്ന് ചോദിച്ചു.

ജോയൽ
"എൽന എവിടെയാ?"
അമ്മ
"രാവിലെ തന്നെ അമ്മായിയുടെ വീട്ടിലേക്ക് പോയി."

ആ നിമിഷം തന്നെ...

അവളെ ഒന്ന് കാണണമെന്ന് എനിക്ക് തോന്നി.

ക്ഷമ ചോദിക്കണമെന്ന് തോന്നി.

പക്ഷേ...

അതിന് അവസരം കിട്ടിയില്ല.

കുറച്ചുകഴിഞ്ഞപ്പോൾ...

ഞാൻ പങ്കെടുത്തിരുന്ന കൊൽക്കത്തയിലെ ക്ലബ്ബിന്റെ സെലക്ഷനിൽ നിന്ന് ഫോൺ വന്നു.

എനിക്ക് സെലക്ഷൻ കിട്ടിയിരുന്നു.

പത്ത് ദിവസത്തിനുള്ളിൽ കൊൽക്കത്തയിലേക്ക് പോകണം.

സ്കൂൾ മാറ്റാനുള്ള കാര്യങ്ങളും...

തുടർന്നുള്ള പഠനവും ചെലവുകളും...

അവർ നോക്കിക്കൊള്ളുമെന്നും പറഞ്ഞു.

ആ നിമിഷം...

ഞാൻ ഒരുപാട് നാളായി കാത്തിരുന്ന വാർത്തയായിരുന്നു അത്.

പക്ഷേ...

എന്തുകൊണ്ടോ സന്തോഷിക്കാൻ എനിക്ക് കഴിഞ്ഞില്ല.

JOEL (V.O.)
"ഇത്രയും നാളായി ഞാൻ കാത്തിരുന്ന അവസരമായിരുന്നു അത്."
JOEL (V.O.)
"പക്ഷേ..."
JOEL (V.O.)
"ആ വാർത്ത കേട്ട നിമിഷം..."
JOEL (V.O.)
"ആ സന്തോഷം ആദ്യം പങ്കുവെക്കാൻ ഞാൻ ആഗ്രഹിച്ചത് എൽനയോടായിരുന്നു."
JOEL (V.O.)
"പക്ഷേ..."
JOEL (V.O.)
"അവളെ ഒന്ന് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല."

അങ്ങനെ...

പിന്നീടുള്ള ദിവസങ്ങൾ തിരക്കിലായിരുന്നു.

സ്കൂൾ മാറുന്നതിനുള്ള കാര്യങ്ങളും...

കൊൽക്കത്തയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളും...

വേണ്ട സാധനങ്ങൾ വാങ്ങുന്നതുമൊക്കെയായി ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി.

അതിനിടയിൽ...

എൽന തിരിച്ചു വന്നെന്നറിഞ്ഞിരുന്നു.

പക്ഷേ...

അവളെ ഒന്ന് കാണാനോ...

യാത്ര പറയാനോ...

എനിക്ക് കഴിഞ്ഞില്ല.

JOEL (V.O.)
"കൊൽക്കത്തയിലേക്ക് പോകണമെന്നായിരുന്നു വർഷങ്ങളായുള്ള എന്റെ സ്വപ്നം."
JOEL (V.O.)
"പക്ഷേ..."
JOEL (V.O.)
"ആ ദിവസങ്ങളിൽ..."
JOEL (V.O.)
"ആ സ്വപ്നത്തേക്കാൾ..."
JOEL (V.O.)
"ഒരാളോട് മാപ്പ് പറയാൻ കഴിയാത്തതായിരുന്നു എന്നെ കൂടുതൽ അലട്ടിയത്."

ജോയലിന് സ്കൂളിൽ യാത്രയയപ്പ്.

അധ്യാപകരും...

വിദ്യാർത്ഥികളും...

കൈ കൊടുക്കുന്നു.

പൂച്ചെണ്ട് നൽകുന്നു.

എല്ലാവരും ജോയലിനെ അഭിനന്ദിക്കുന്നു.

JOEL (V.O.)
"അവിടെ എല്ലാവരും എന്നെ നോക്കിയിരുന്നു."
JOEL (V.O.)
"പക്ഷേ..."
JOEL (V.O.)
"ഞാൻ തിരഞ്ഞത് ഒരാളെ മാത്രമായിരുന്നു."

ജോയലിന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിലൂടെ സഞ്ചരിക്കുന്നു.

പിന്നിൽ...

മറ്റു കുട്ടികളുടെ കൂടെ...

നിശ്ശബ്ദമായി നിൽക്കുന്ന എൽന.

കൈ കൊടുക്കുന്നുണ്ട്.

ചെറുതായി ചിരിക്കുന്നു.

അവരുടെ കണ്ണുകൾ ഒരു നിമിഷം തമ്മിൽ കൂടിമുട്ടുന്നു.

പക്ഷേ...

ആരും ഒന്നും പറയുന്നില്ല.

പോകാനുള്ള സമയം.

വീടുമുറ്റത്ത് ബന്ധുക്കളും...

കൂട്ടുകാരും...

അയൽക്കാരും...

എല്ലാവരും എത്തിയിട്ടുണ്ട്.

വീടുമുന്നിൽ കാർ.

ഡ്രൈവർ ഡിക്കിയിൽ സാധനങ്ങൾ വക്കുകയാണ്.

ഡ്രൈവർ
"മോനേ..."
ഡ്രൈവർ
"ഇനി താമസിച്ചാൽ ട്രെയിൻ മിസ്സാകും."

അമ്മ കണ്ണ് തുടക്കുന്നു.

അപ്പൻ ജോയലിന്റെ തോളിൽ കൈ വക്കുന്നു.

ഓരോരുത്തരായി വന്ന് യാത്ര പറയുന്നു.

എല്ലാവരുടെയും മുഖത്ത് സന്തോഷമുണ്ട്.

പക്ഷേ...

അതിനേക്കാൾ കൂടുതൽ വിഷമവും.

JOEL (V.O.)
"എല്ലാവരും അവിടെയുണ്ടായിരുന്നു."
JOEL (V.O.)
"ഒരാളൊഴികെ."

ജോയലിന്റെ കണ്ണുകൾ വീണ്ടും റോഡിലേക്ക് പോകുന്നു.

ആരുമില്ല.

ഒരു നിമിഷം...

അവൻ തല താഴ്ത്തുന്നു.

പോകാനായി കാറിലേക്ക് നടക്കുന്നു.

അപ്പോഴാണ്...

ദൂരെ നിന്ന് ഒരു സ്കൂട്ടറിന്റെ ശബ്ദം.

ജോയൽ തിരിഞ്ഞുനോക്കുന്നു.

എൽനയും...

അവളുടെ അച്ഛനും.

സ്കൂട്ടർ വീടുമുറ്റത്ത് വന്ന് നിൽക്കുന്നു.

എൽന ഇറങ്ങുന്നു.

അവളുടെ കൈയിൽ ചെറിയൊരു ഗിഫ്റ്റ് ബോക്സുണ്ട്.

അവൾ പതിയെ ജോയലിന്റെ അടുത്തേക്ക് നടക്കുന്നു.

ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം മങ്ങിപ്പോകുന്നു.

കുറച്ചുനേരം...

രണ്ടുപേരും ഒന്നും സംസാരിക്കുന്നില്ല.

ശേഷം...

എൽന ചെറുതായി ചിരിക്കാൻ ശ്രമിക്കുന്നു.

എൽന
"ഇനി..."
എൽന
"എന്നാ കാണുക...?"

ആ ചിരിക്ക് പിന്നിൽ...

കണ്ണുകൾ നിറഞ്ഞിരുന്നു.

ജോയൽ എന്തോ പറയാൻ ശ്രമിക്കുന്നു.

പക്ഷേ...

ഒരു വാക്ക് പോലും പുറത്തുവരുന്നില്ല.

എൽന കൈയിലുണ്ടായിരുന്ന ഗിഫ്റ്റ് അവന് നേരെ നീട്ടുന്നു.

എൽന
"ഓൾ ദി ബെസ്റ്റ്."

ജോയൽ പതിയെ അത് വാങ്ങുന്നു.

എൽന കണ്ണ് തുടച്ച് തിരിഞ്ഞ് നടക്കാൻ തുടങ്ങുന്നു.

അപ്പോഴാണ്...

എൽനയുടെ അമ്മ ചിരിച്ചുകൊണ്ട് പറയുന്നത്.

എൽനയുടെ അമ്മ
"ഹാ..."
എൽനയുടെ അമ്മ
"ഇത്രയും നാളത്തെ സേവിംഗ്സ് എല്ലാം തീർന്നല്ലോ."

ആ വാക്ക് കേട്ടതും...

ജോയൽ അറിയാതെ ഗിഫ്റ്റ് ബോക്സിലേക്ക് നോക്കുന്നു.

ഒന്നും പറയാൻ കഴിയുന്നില്ല.

അപ്പൻ
"വാ മോനേ..."

ജോയൽ പതിയെ കാറിൽ കയറുന്നു.

കാർ മുന്നോട്ട് നീങ്ങിത്തുടങ്ങുന്നു.

ജോയൽ ജനൽക്കരികിൽ ഇരുന്നു...

പുറത്തേക്ക് നോക്കുന്നു.

എൽന അവിടെ തന്നെ നിൽക്കുകയാണ്.

അവൾ കൈ വീശാൻ ശ്രമിക്കുന്നു.

പക്ഷേ...

കൈ പകുതിയിൽ നിൽക്കുന്നു.

കാർ കുറച്ചുകൂടി മുന്നോട്ട് പോകുന്നു.

ജോയൽ പതിയെ ഗിഫ്റ്റ് ബോക്സ് തുറക്കുന്നു.

അതിനുള്ളിൽ...

അവൻ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന...

ആ അഡിഡാസ് ബൂട്ട്.

അതേ മോഡൽ.

അതേ നിറം.

ഒരു നിമിഷം...

അവന് ശ്വാസം എടുക്കാൻ പോലും കഴിഞ്ഞില്ല.

കണ്ണുകൾ നിറഞ്ഞു.

ബൂട്ട് നെഞ്ചോട് ചേർത്ത് പിടിച്ചു.

അവന്റെ ഓർമ്മയിലേക്ക്...

എൽന പറഞ്ഞ വാക്കുകൾ ഒന്നൊന്നായി വന്നു.

എൽന
"ആ പൈസ..."
എൽന
"വേറെ ഒരു ആവശ്യത്തിനാണ്."

അപ്പോഴാണ്...

അവന് എല്ലാം മനസ്സിലായത്.

JOEL (V.O.)
"അന്ന്..."
JOEL (V.O.)
"എനിക്ക് മനസ്സിലായി..."
JOEL (V.O.)
"പ്രണയം..."
JOEL (V.O.)
"ഒരാളോട് പറയുന്ന ഒരു വാക്കല്ലെന്ന്."
JOEL (V.O.)
"അറിയാതെ..."
JOEL (V.O.)
"ഒരാളുടെ സന്തോഷം..."
JOEL (V.O.)
"സ്വന്തം സന്തോഷമായി മാറുന്ന നിമിഷം മുതൽ..."
JOEL (V.O.)
"അത് തുടങ്ങിയിട്ടുണ്ടാകുമെന്ന്."
JOEL (V.O.)
"എൽന..."
JOEL (V.O.)
"എന്നേക്കാൾ മുമ്പേ..."
JOEL (V.O.)
"അത് മനസ്സിലാക്കിയിരുന്നു."
JOEL (V.O.)
"ഞാൻ മാത്രം..."
JOEL (V.O.)
"വൈകിപ്പോയി."

ജോയൽ കണ്ണുനീർ തുടക്കുന്നു.

കാറിന്റെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കുന്നു.

ദൂരെ...

എൽന ഇപ്പോഴും അവിടെ നിൽക്കുകയാണ്.

കാർ മുന്നോട്ട് പോകുന്തോറും...

അവളുടെ രൂപം ചെറുതായിക്കൊണ്ടിരുന്നു.

ജോയൽ അവളെ തന്നെ നോക്കിയിരുന്നു.

അവളെ ഇനി കാണാൻ കഴിയാത്തതുവരെ.

ശുഭം

"ചില കഥകൾ അവസാനിച്ച ശേഷമാണ് ശരിക്കും തുടങ്ങുന്നത്..."